ഈ പടത്തിലും ഉണ്ട് കിടിലൻ ഉമ്മ, പക്ഷേ അത് ഇങ്ങനെയാണ് ടൊവിനോ പറയുന്നു

കാലങ്ങൾക്കു ശേഷം തൻറെ ഒരു ചിത്രത്തിന് ‘യു’ സർട്ടിഫിക്കറ്റ് കിട്ടിയതായി യുവനടൻ ടൊവിനോ തോമസ്. അടുത്ത കാലത്തിറങ്ങിയ ടൊവിനോ ചിത്രങ്ങളിൽ ചുംബനരംഗങ്ങൾ ഉള്ളതിന്‍റെ പേരിൽ ‘യു’ സർട്ടിഫിക്കറ്റ് കിട്ടാതെ പോയിരുന്നു. ക്രിസ്മസ് ചിത്രമായ ‘എന്‍റെ ഉമ്മാന്‍റെ പേരി’നാണ് സെൻസർ ബോർഡ്.

ടൊവിനോയുടെ കുറിപ്പ്– ‘അങ്ങനെ കാലങ്ങൾക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ് !! ഈ പടത്തിലും ഉമ്മ ഉണ്ട് ! പക്ഷേ ‘ചുംബനം’ എന്നർത്ഥം വരുന്ന ‘ഉമ്മ’ അല്ല , ‘അമ്മ’ എന്നർത്ഥം വരുന്ന ‘ഉമ്മ’ ആണ് കേട്ടോ !!

ഇനി കുടുംബപ്രേക്ഷകർക്കു ധൈര്യായിട്ട് വരാല്ലോ…അപ്പൊ ഡേറ്റ് മറക്കണ്ട , ഡിസംബർ 21 ! ‌‌’–ടൊവിനോ കുറിച്ചു.

സിനിമയുടെ പേര് പോലെ തന്നെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ, നർമത്തിൽ ചാലിച്ച് പറയാൻ ശ്രമിക്കുകയാണ് നവാഗതനായ ജോസ് സെബാസ്റ്റ്യൻ. സിനിമയുടെ കഥയും ജോസ് തന്നെ.

കോമഡി ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ ഉർവശിയാണ് മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നത്. ഹരീഷ് കണാരൻ, മാമൂക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ എന്നിങ്ങനെ വലിയതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പതിവ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ടൊവീനോ ചിത്രത്തിൽ അവതരിപ്പിക്കുക. മലബാറി മുസ്ലീം ആയ ഹമീദ് എന്ന ചെറുപ്പക്കാരനായി ടൊവീനോ എത്തുന്നു. സ്വന്തം ഉമ്മയെ തേടിയുള്ള മകന്റെ യാത്രയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

സിനിമയുടെ സാങ്കേതികവശങ്ങളിലും വമ്പൻമാരാണ്. സംഗീതം ഗോപിസുന്ദർ, എഡിറ്റിങ് മഹേഷ് നാരായണൻ, ആർട്–സന്തോഷ് നാരായണൻ. സ്പാനിഷ് ഛായാഗ്രാഹകൻ ജോർഡി പ്ലാനെൽ ആണ് ക്യാമറ. നിർമാണം ആന്റോ ജോസഫും സി. ആർ സലിമും ചേർന്ന് നിർവഹിക്കുന്നു. ജോസ് സെബാസ്റ്റ്യൻ, ശരത് ആർ. നാഥ് എന്നിവരാണ് തിരക്കഥ.

You might also like