ഒമ്പത് കിലോ കുറച്ചു മുടിയും മുറിച്ചു രജിഷ വിജയന്‍; കാരണം ഇതാണ്

അനുരാഗ കരിക്കിന്‍ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്തുകയും മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത നടിയാണ് രജിഷ വിജയന്‍. കഴിഞ്ഞ വര്‍ഷം ജോര്‍ജേട്ടന്‍ പൂരത്തിലും ഒരു സിനിമാക്കാരനിലും നടി നായികയായി എത്തിയെങ്കിലും ഈ വര്‍ഷം ഒരു ചിത്രത്തില്‍ പോലും രജിഷ അഭിനയിച്ചിരുന്നില്ല. തന്നെ കാണാനില്ലല്ലോ എന്നന്വേഷിച്ചവരുടെ മുന്നിലേക്ക് ഉഗ്രന്‍ മേക്കോവറുമായി എത്തിയിരിക്കുകയാണ് നടി.
Rajisha vijayan
ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന ‘ജൂണ്‍’ എന്ന ചിത്രത്തിലൂടെയാണ് പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം രജിഷ തിരിച്ചെത്തുന്നത്. അഹമ്മദ് കബീര്‍ സംവിധാനം ചിത്രത്തില്‍ ഒരു കൗമാര വിദ്യാര്‍ത്ഥിനിയായി ഞെട്ടിക്കുന്ന മേക്കോവറിലാണ് നടി എത്തുന്നത്. ഒരു പെണ്‍കുട്ടിയുടെ കൗമാരം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് സിനിമ. അവളുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണ്‍ എന്ന ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുക.

കഥാപാത്രമാവാന്‍ വേണ്ടി രജിഷ ഒന്‍പത് കിലോ ശരീര ഭാരം കുറയ്ക്കുകയും നീളമുള്ള മുടി മുറിക്കുകയും ചെയ്തു. ഈ വര്‍ഷം ജൂണ്‍ ഫെബ്രുവരിയില്‍ എത്തുമെന്ന ചിത്രത്തിന്റെ പ്രമോഷണ്‍ ടാഗ് ലൈനും സമൂഹമാധ്യമങ്ങളിള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ യൂണിഫോം അണിഞ്ഞ് രണ്ട് വശങ്ങളിലായി മുടി കെട്ടി സ്‌കൂള്‍ ബാഗും തൂക്കി പല്ലില്‍ കമ്പിയിട്ട ലുക്കിലുള്ള രജിഷയുടെ പോസ്റ്ററും എത്തിയിരിക്കുന്നത്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. നായികാ കേന്ദ്രീകൃതമായ സിനിമയാകും ജൂണ്‍ എന്നാണ് വിജയ് ബാബു പറയുന്നത്. ജോജു ജോര്‍ജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

You might also like